05:02pm 27 November 2026
NEWS
വാട്സ്ആപ്പിൽ eSIM സൗകര്യം വരുന്നു


27/11/2026  12:29 PM IST
nila
വാട്സ്ആപ്പിൽ eSIM സൗകര്യം വരുന്നു

വിദേശയാത്രയ്ക്കിടെ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാൻ ഇനി പ്രാദേശിക സിം കാർഡുകൾ തേടി നടക്കേണ്ടിവരില്ല. യാത്രക്കാർക്ക് വാട്സ്ആപ്പിലൂടെ തന്നെ eSIM വാങ്ങാനും ഇൻസ്റ്റാൾ ചെയ്യാനുമുള്ള സൗകര്യം ഒരുക്കുകയാണ് കമ്പനി. വാട്സ്ആപ്പ് മേധാവി കുനാൽ ഷായാണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരം എക്‌സിലൂടെ പങ്കുവച്ചത്.

ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നാലും തടസമില്ലാതെ വാട്സ്ആപ്പ് ഉപയോഗിക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതിനായി റിലയൻസ് ജിയോ, സ്മാർട്ട് ആക്‌സിയാറ്റ, സ്മാർട്ട് കമ്മ്യൂണിക്കേഷൻസ്, വെരിസോൺ തുടങ്ങിയ പ്രമുഖ eSIM സേവനദാതാക്കളുമായും ടെലികോം ഓപ്പറേറ്റർമാരുമായും വാട്സ്ആപ്പ് സഹകരിക്കുന്നുണ്ട്.

എങ്ങനെ പ്രവർത്തിക്കും പുതിയ സംവിധാനം?

നിലവിൽ വിദേശരാജ്യങ്ങളിൽ എത്തുന്നവർ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനായി ലോക്കൽ സിം കാർഡുകളെയോ ഇന്റർനാഷണൽ റോമിങ് പ്ലാനുകളെയോ ആശ്രയിക്കുകയാണ് പതിവ്. വിമാനത്താവളങ്ങളിൽ നിന്ന് സിം വാങ്ങുകയോ വിവിധ ആപ്പുകൾ വഴി കണക്ഷൻ ഉറപ്പാക്കുകയോ ചെയ്യേണ്ടിവരും. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ ഈ നടപടികൾ കൂടുതൽ ലളിതമാകും.

വാട്സ്ആപ്പിലെ ഏതാനും ക്ലിക്കുകളിലൂടെ തന്നെ യാത്ര ചെയ്യുന്ന രാജ്യത്തിന് അനുയോജ്യമായ eSIM പ്ലാൻ കണ്ടെത്താനും വാങ്ങാനും സാധിക്കും. സന്ദേശം അയക്കുന്നതുപോലെ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാനാകുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.

തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ ഫീച്ചർ ലഭ്യമാക്കുക. അതത് പ്രദേശങ്ങളിൽ സേവനം ലഭ്യമായിത്തുടങ്ങുമ്പോൾ വാട്സ്ആപ്പ് ആപ്പിൽ തന്നെ ഇതിന്റെ വിവരങ്ങൾ കാണാൻ കഴിയും.

eSIM പിന്തുണയുള്ള സ്മാർട്ട്ഫോൺ നിർബന്ധം

പുതിയ സേവനം ഉപയോഗിക്കാൻ eSIM സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോൺ ആവശ്യമാണ്. യാത്ര ചെയ്യുന്ന രാജ്യം നൽകിയാൽ അതിന് അനുയോജ്യമായ വിവിധ eSIM പ്ലാനുകൾ വാട്സ്ആപ്പിലൂടെ കണ്ടെത്താനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഫിക്സഡ് ഡാറ്റ പരിധിയുള്ള പ്ലാനുകൾ, അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ, ചില രാജ്യങ്ങളിലെ പ്രാദേശിക പാക്കേജുകൾ എന്നിവയും ലഭ്യമായേക്കും. വിദേശയാത്രക്കാർക്ക് ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതാണ് പുതിയ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img